തിരുവനന്തപുരം: പ്രശസ്ത ഹൃദ്രോഗ ചികിത്സാ വിദഗ്ധന്‍ പ്രഫ. ഡോ. ജി. വിജയരാഘവന് (84) അന്തരിച്ചു. കുറച്ചു നാളായി വാര്‍ധക്യസഹജമായ അസുഖങ്ങളെതുടര്‍ന്ന് കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു.
2009ല്‍ രാജ്യം പത്മശ്രീ നല്കി അദരിച്ച അദ്ദേഹം തിരുവനന്തപുരം കിംസ് ആശുപത്രിയിലെ വൈസ് ചെയര്‍മാനായിരുന്നു. 1970കളുടെ അവസാനത്തില്‍ ഇന്ത്യയില്‍ ആദ്യമായി എക്കോകാര്‍ഡിയോഗ്രാഫി മെഷീന് അവതരിപ്പിക്കുകയും അത് ഉപയോഗിച്ച് ഹൃദ്രോഗ നിര്‍ണയം നടത്തുകയും ചെയ്ത മുന്‍നിര ഹൃദ്രോഗ വിദഗ്ധരില്‍ ഒരാളായിരുന്നു ഡോ.ജി. വിജയരാഘവന്.
തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗം മേധാവിയായും പ്രഫസറായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ അത്യാധുനിക ഹൃദ്രോഗ ചികിത്സ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുന്നതിനായും അദ്ദേഹം മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചു. കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ, മറ്റ് രാജ്യാന്തര മെഡിക്കല്‍ സംഘടനകള്‍ എന്നിവയില്‍ നിന്ന് നിരവധി പുരസ്കാരങ്ങളും ഫെലോഷിപ്പുകളും ലഭിച്ചിട്ടുണ്ട്.
1942 സെപ്റ്റംബര്‍ 18ന് കൊല്ലം ജില്ലയിലെ പെരുമ്പുഴയിലായിരുന്നു ജനനം. തിരുവനന്തപുരം മോഡല്‍ സ്കൂളില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം 1964ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടി. 1969ല്‍ ജനറല്‍ മെഡിസിനില്‍ എംഡി പാസായി. വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ പഠനം തുടര്‍ന്ന അദ്ദേഹം 1973ലാണ് കാര്‍ഡിയോളജിയില്‍ സ്പെഷലൈസ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെ എട്ടു മുതല്‍ തിരുവനന്തപുരം കിംസ്ഹെല്‍ത്തിലെ ഓസ്ലര് ഹാളില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് രാവിലെ 11 മുതല്‍ നാലു വരെ കുമാരപുരത്തുള്ള സ്വവസതിയായ ഗോവിന്ദത്തില്‍ പൊതുദര്‍ശനം. സംസ്ഥാന ബഹുമതികളോടെ വൈകുന്നേരം അഞ്ചിന് ശാന്തികവാടത്തില്‍ സംസ്കാരം നടക്കും.
ഭാര്യ: നളിനി വിജയരാഘവന്. മക്കള്‍: ഡോ. വിഷ്ണു വിജയരാഘവന് (സിഡ്നി, ഓസ്ട്രേലിയ), കൃഷ്ണന് വിജയരാഘവന് (ബംഗളൂരു). മരുമകള്‍: മീര കൃഷ്ണന്.